ഇടുക്കി: ഇടുക്കി കുഴിതൊളുവിൽ പോസ്റ്റ് ഓഫീസ് താൽക്കാലിക ജീവനക്കാരിയായ ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പുറ്റടി കടുക്കസിറ്റി സ്വദേശി സന്തോഷാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. കുഴിതൊളു പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ ശ്രീജ ഓഫീസ് തുറന്നതിന് പിന്നാലെയാണ് സന്തോഷ് അവിടെയെത്തിയത്. തുടർന്ന് ഓഫീസിനുള്ളിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെ ശ്രീജയെ ഓഫീസിന് പുറത്തേക്ക് വലിച്ചിറക്കിയ സന്തോഷ് കൈവശമുണ്ടായിരുന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

ശ്രീജയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സന്തോഷ് കൈവശമുണ്ടായിരുന്ന തോക്ക് അവർക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നാലെ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സന്തോഷ് മരിച്ചു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ശ്രീജയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്തോഷ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗുരുതരമായി പരിക്കേറ്റ ശ്രീജ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സന്തോഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *