കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ഹെലിടൂറിസം പദ്ധതിയുമായി കേരള വിനോദസഞ്ചാര വകുപ്പ്.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാനുമാണ് ഹെലിടൂറിസം ആരംഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിന് 2023 ഡിസംബർ 30 ന് എറണാകുളം നെടുമ്പാശേരിയിൽ തുടക്കമാവുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തെ അനുഭവിച്ചറിയുവാൻ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാൻ ഈ പദ്ധതി സഹായിക്കും.

ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിൽ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാൻ ഈ പദ്ധതി അവസരമൊരുക്കും.

കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതിയെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. നെടുമ്പാശേരി സിയാലിലാണ് ആദ്യഘട്ടത്തിന് തുടക്കം കുറിക്കുക.

Leave a Reply

Your email address will not be published. Required fields are marked *