ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പരിശോധനയുമായി ആരോഗ്യ വകുപ്പ്. 103 പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലുടനീളമുള്ള 925 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിലാണ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, സോഡാ-സോഫ്റ്റ് ഡ്രിങ്ക് ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
മേഖലയിലെ ഒരു ബേക്കറി ഉൽപ്പാദന യൂണിറ്റ് ഉടൻ തന്നെ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. ഈ സ്ഥാപനത്തിന് ജലഗുണനിലവാര സർട്ടിഫിക്കറ്റോ ജീവനക്കാർക്ക് ഹെൽത്ത് കാർഡോ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുക, മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കുക, മാലിന്യ സംസ്കരണത്തിലെ വീഴ്ച, ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാതെ പ്രവർത്തിക്കുക തുടങ്ങി ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ 94 കടകൾക്ക് പൊതുജനാരോഗ്യ നിയമം (2023) പ്രകാരമുള്ള ലീഗൽ നോട്ടീസ് നൽകി.

