കൊച്ചി: സ്വവർഗ പങ്കാളിക്കൊപ്പം താമസിക്കവേ ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കണ്ണൂർ സ്വദേശിയായ മനുവിൻ്റെ (34) മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
പണമടയ്ക്കാതെ മൃതദേഹം വിട്ടുനൽകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിന് പിന്നാലെ മനുവിന്റെ പങ്കാളിയായ കോട്ടയം മുണ്ടക്കയം സ്വദേശി ജെബിൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കളമശേരി മെഡിക്കൽ കോളേജിൽവച്ച് അന്തിമോപചാരം അർപ്പിക്കാൻ ജെബിന് ഹൈക്കോടതി അനുമതി നൽകി. മനുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കണ്ണൂരിലേയ്ക്ക് കൊണ്ടുപോവും. മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്നും ജെബിൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മനുവിൻ്റെ ബന്ധുക്കളോട് സംസാരിച്ച് സമവായത്തിലെത്താനാണ് ഹൈക്കോടതിയുടെ നിർദേശം.
വിവാഹിതരായ കേരളത്തിലെ മൂന്നാമത്തെ ഗേ ദമ്പതികളാണ് മനുവും ജെബിനും. ഫെബ്രുവരി മൂന്നിനാണ് കളമശേരിയിലെ ഫ്ലാറ്റിൽ നിന്നുവീണ് മനുവിന് പരിക്കേൽക്കുന്നത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നാലാം തീയതിയാണ് മനു മരണപ്പെട്ടത്. മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ചികിത്സയ്ക്ക് ചെലവായ ഒന്നര ലക്ഷം രൂപ കെട്ടിവയ്ക്കാനാകില്ലെന്ന് പറയുകയും മൃതദേഹം ഏറ്റുവാങ്ങാതെ മടങ്ങുകയും ചെയ്തു.
തുടർന്ന് മനുവിൻ്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്കാരം നടത്താൻ പങ്കാളിയായ ജെബിൻ മുന്നോട്ടുവന്നെങ്കിലും രക്തബന്ധമല്ലാത്തതിനാൽ വിട്ടുനൽകാനാവില്ലെന്ന് ആശുപത്രി അധിക അറിയിച്ചു. ഇതേത്തുടർന്നാണ് ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.
There is no ads to display, Please add some