കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ഉടുപ്പി വെജിറ്റേറിയൻ ഹോട്ടൽ താൽക്കാലികമായി ഉടച്ചു പൂട്ടി കോട്ടയം നഗരസഭ. നാലു പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നാണ് ഈ ഹോട്ടൽ അടച്ചു പൂട്ടുന്ന നടപടി നഗരസഭ ആരോഗ്യ വിഭാഗം സ്വീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നാലു പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

അന്നു മുതൽ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇവർ പിറ്റേന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതേ തുടർന്ന് ഇവർ പൊൻകുന്നം പൊലീസ് സ്റ്റേഷനിലും കോട്ടയം നഗരസഭ സെക്രട്ടറി ബി.അനിൽകുമാറിനും പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.എ തങ്കത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. ഹോട്ടലിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്തിയിട്ടുണ്ട്. അടുക്കളയും പരിസരവും വൃത്തിഹീനമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. മാലിന്യം പൊതുനിരത്തിലും ഓടയിലും തള്ളുന്നതായും, ജലസംഭരണി മലിനമാണ് എന്നും കണ്ടെത്തി. ക്രമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയതിനാൽ ഹോട്ടൽ ഉടമയ്ക്ക് 25000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.


