തിരുവനന്തപുരം: വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍വീട്ടില്‍ സുധീറാണ് (40) മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് മരിച്ച സുധീര്‍. ഭക്ഷ്യവിഷബാധയാണെന്നാണ് ആശുപത്രിയില്‍നിന്ന് പൊലീസിന് ലഭിച്ച വിവരം.

സുധീറിന്റെ ബോട്ടില്‍ മീന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടില്‍ ലഭിച്ച 25 കിലോ വറ്റ മീന്‍ വാങ്ങി. അതില്‍ കുറച്ച് സുധീറും കുടുംബവും കഴിച്ചിരുന്നു. 28ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധീറിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 9.30ഓടെയാണ് മരിച്ചത്.

ഒക്ടോബര്‍ 26 മുതല്‍ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍നിന്നും മത്സ്യം വാങ്ങി കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. 27 പേര്‍ അന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. ഇതില്‍ സുധീറിന്റെ കുടുംബത്തിലെ ബന്ധുക്കള്‍ക്കും അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *