മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ ഇട്ടു. ഇന്നലെ രാത്രി ഏറെ വൈകിയാണ് എഫ്ഐആർ ഇട്ടത്. അപകടകരമായി വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും അശ്വന്തിനെതിരെ കേസെടുത്തു. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും രണ്ടു കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ജംഗ്ഷനിൽ വെച്ച് അശ്വന്ത് കോക്കിന്‍റെ വാഹനം അപകടമുണ്ടാക്കിയത്.

കോക്കിന്‍റെ മഹീന്ദ്ര ഥാർ വാഹനം കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്. അശ്വന്ത് കോക്ക് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.

അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോടും അശ്വന്ത് തട്ടിക്കയറിയിരുന്നു. അശ്വന്തിനെ പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *