ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നടപടി പ്രഖ്യാപിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും.

ഉദാഹരണത്തിന്, ടോൾ നിരക്ക് 100 രൂപയായാൽ, യുപിഐ വഴി പണമടയ്ക്കുന്നവർ 125 രൂപ നൽകിയാൽ യാത്ര തുടരാൻ സാധിക്കും. ഇതുവരെ ഇത്തരം വാഹനങ്ങളിൽ നിന്ന് 200 രൂപ വരെ ഈടാക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്ലാസകളിൽ കാഷ് ഇടപാടുകൾ കുറയ്ക്കുകയും ഗതാഗത തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.


