കൊച്ചി: റോഡപകടത്തില്‍ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന ആളുകള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. അപകട കാരണം വാഹനം ഓടിച്ചയാളുടെ അശ്രദ്ധയാണെങ്കില്‍ പോലും പിന്‍സീറ്റിലിരിക്കുന്ന ആളിന്റെ നഷ്ടപരിഹാരം കുറയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ അശ്രദ്ധയ്ക്ക് നിരപരാധിയായ യാത്രികനെ കുറ്റക്കാരനാക്കാനോ ഉത്തരവാദിയാക്കാനോ കഴിയില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് നിരീക്ഷിച്ചു. സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സന്തോഷ് എന്നയാള്‍ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. എറണാകുളം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 57,922 രൂപ നഷ്ടപരിഹാരമായി വിധിച്ചിരുന്നുവെങ്കിലും, മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാള്‍ക്കും അശ്രദ്ധയുണ്ടായിരുന്നു എന്ന് കാണിച്ച് തുകയുടെ 50 ശതമാനം വെട്ടിക്കുറച്ചു. ഇതോടെ സന്തോഷിന് 28,961 രൂപ മാത്രമാണ് ലഭിച്ചത്. താന്‍ പിന്‍സീറ്റിലാണിരുന്നതെന്നും ട്രൈബ്യണല്‍ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ഹൈക്കോടതിയെ സമീപിച്ചത്.

