കോട്ടയം ജില്ലയിലെ തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ അനധികൃതമായി കൈമാറുന്നതിനും വിൽപ്പന നടത്തുന്നതിനുമായി ഗർഭിണികളെ പാർപ്പിച്ചെന്ന കേസിൽ തമിഴ്നാട് സ്വദേശി രാജയും വാഗമൺ പുള്ളിക്കാനം സ്വദേശി അർജുനും ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗർഭിണികളെ ലക്ഷ്യമിട്ട് പ്രസവച്ചെലവും 3 ലക്ഷം രൂപയും നൽകാമെന്ന് വാഗ്ദാനം ചെയ്ത്, പ്രസവശേഷം കുഞ്ഞിനെ കൈമാറാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. അർജുനിന്റെ സഹോദരീഭർത്താവാണ് രാജ.

ഇരുവരും ചേർന്ന് തീക്കോയി ഞണ്ടുകല്ലിലുള്ള വാടകവീട്ടിൽ യുവതികളെ താമസിപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തി.വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട അസം സ്വദേശിനിയായ യുവതി അലഞ്ഞുതിരിയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് യുവതിയെ കോട്ടയത്തെ സാന്ത്വനം കെയർ ഹോമിലേക്ക് മാറ്റി. അവിടെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നവജാത ശിശു കച്ചവട ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. തിരുവനന്തപുരം സ്വദേശികളായ ഇടനിലക്കാരുടെ സഹായത്തോടെയാണ് യുവതികളെ തീക്കോയിയിലെത്തിച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. വീട്ടിൽ ഇവർ താമസിച്ചിരുന്നെങ്കിലും നാട്ടുകാർക്ക് അസ്വാഭാവികമായ ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറിയിട്ടുണ്ടോയെന്നും ഉൾപ്പെടെ എല്ലാ വശങ്ങളും കേന്ദ്രീകരിച്ച് ഈരാറ്റുപേട്ട പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറുകയോ വിൽക്കുകയോ ചെയ്യുന്നത് ഇന്ത്യൻ നിയമപ്രകാരം ഗുരുതര കുറ്റമാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

in

Leave a Reply

Your email address will not be published. Required fields are marked *