എരുമേലി: സിഗരറ്റ് വലിച്ച യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി ആക്ഷേപം. എരുമേലി ഓരുങ്കൽകടവ് പാലത്തിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പാലത്തിന് സമീപം സിഗരറ്റ് വലിച്ചുനിൽക്കുകയായിരുന്ന യുവാവ്, എക്‌സൈസ് വാഹനം വരുന്നത് കണ്ട് കൈയിലിരുന്ന സിഗരറ്റ് തൊട്ടടുത്ത മണിമലയാറിലേക്ക് വലിച്ചെറിഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥൻ യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യൽ പിന്നീട് വാക്കേറ്റത്തിൽ കലാശിച്ചു. യുവാവ് കഞ്ചാവാണ് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥൻ ആരോപിച്ചെങ്കിലും യുവാവ് ഇത് ശക്തമായി നിഷേധിച്ചു. തുടർന്ന്, പുഴയിലേക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥൻ യുവാവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതായും, ഇതിനിടെ യുവാവിന്റെ മുഖത്ത് അടിച്ചതായും പറയുന്നു. സംഭവത്തിൽ പരസ്യമായി മർദ്ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവുമായി യുവാവും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.


