കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കൾക്ക് എന്തുകൊണ്ടാണ് ആയുസ് കുറയുന്നത്? പൊതുവേദികളിൽ സ്ഥിരം കേൾക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് മാറി, ലീഗ് നേതാക്കളുടെ ആയുസും മലബാറിലെ ഭക്ഷണശീലങ്ങളും തമ്മിലുള്ള ‘രഹസ്യബന്ധം’ തുറന്നുപറഞ്ഞ് മുതിർന്ന ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീർ.

രാഷ്ട്രീയ കേരളത്തെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു എം.കെ. മുനീറിന്റെ ഈ നർമ്മ നിരീക്ഷണം. ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്നും രോഗങ്ങൾ വരാതെ നോക്കുകയാണ് പ്രധാനമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് മുനീർ ലീഗ് നേതാക്കളുടെ അകാല വിയോഗങ്ങളെക്കുറിച്ച് സംസാരിച്ചത്.

അസുഖം വരാതെ നോക്കുക എന്നുള്ളതാണ്.ആരോഗ്യം നമ്മുടെ ഏറ്റവും വലിയ പ്രശ്നമാണ്. ആരോഗ്യം ഏറ്റവും വലിയ സമ്പത്താണ്.ശിഹാബ് തങ്ങൾ… അവരുടെയൊക്കെ… അവരൊക്കെ എത്ര വേഗം… നമ്മുടെ നേതാക്കന്മാരൊക്കെ എത്ര വേഗമായിപ്പോയി പോയത്. ലീഗിന്റെ നേതാക്കന്മാരൊക്കെ എത്രയെത്ര പെട്ടെന്നാണ് നമ്മളെ വിട്ടുപിരിഞ്ഞു പോയിട്ടുള്ളത്.എന്നാൽ മറ്റു പല പാർട്ടിയിലും 100 കഴിഞ്ഞിട്ടും ഇങ്ങനെ നിൽക്കുകയാണ്” -മുനീർ പറഞ്ഞു.

ലീഗ് നേതാക്കളുടെ ആയുസ്സ് കുറയുന്നതിന് പിന്നിലെ ‘പ്രധാന കാരണം’ സ്വന്തം ശൈലിയിൽ മുനീർ വിശദീകരിച്ചത് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. പ്രവർത്തകരുടെയും നാട്ടുകാരുടെയും സ്നേഹം നിറഞ്ഞ നിർബന്ധിത തീറ്റിക്കൽ സമ്പ്രദായമാണ് ഇതിന് പ്രധാന വില്ലൻ.

“നമ്മൾ എവിടെയെങ്കിലും ചെന്നാൽ സ്നേഹം കൊണ്ട് ഭക്ഷണം മുന്നിൽ കൊണ്ടുവെച്ചു തരും. എന്നിട്ട് പറയും: ‘നിങ്ങളുടെ വാപ്പ 56 വയസ്സ് വരെയല്ലേ ജീവിച്ചിട്ടുള്ളൂ? എന്നിട്ട് നിങ്ങൾ ഭക്ഷണം കഴിക്കാതെ ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണോ? കഴിക്ക് കഴിക്ക്…’ എന്ന് പറഞ്ഞ് നമ്മളെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിക്കും. എന്നിട്ട് നമ്മളെ ഒരു 60 വയസ്സിലെങ്കിലും നിർത്തിക്കുക എന്നുള്ളതാണ് ഇവരുടെയൊക്കെ ലക്ഷ്യം!” മുനീർ സ്വതസിദ്ധമായ ശൈലിയിൽ ട്രോളിയപ്പോൾ സദസ്സ് കയ്യടികളോടെയാണ് അത് സ്വീകരിച്ചത്

ചിരിപ്പിച്ചുകൊണ്ട് വലിയൊരു യാഥാർത്ഥ്യത്തിലേക്കാണ് ഒരു ഡോക്ടർ കൂടിയായ എം.കെ. മുനീർ വിരൽ ചൂണ്ടിയത്. പൊതുപ്രവർത്തകർക്കിടയിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും ഭക്ഷണനിയന്ത്രണമില്ലായ്മയും ഗൗരവമായി കാണേണ്ടതുണ്ട്.

“ഇതിൽ നമ്മൾ കുറച്ചുകൂടി ശ്രദ്ധിക്കണം. ഇനിയിപ്പോ നമ്മുടെയൊക്കെ സമയം കഴിഞ്ഞു. എങ്കിലും ഇനിയുള്ള പുതിയ തലമുറയെങ്കിലും ആ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തണം,” മുനീർ ഓർമ്മിപ്പിച്ചു. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *