ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.

മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ ജനവിധി തേടുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്നാണ് അരവിന്ദ് കെജ്‌രിവാൾ വീണ്ടും മത്സരിക്കുന്നത്. ബിജെപിയുടെ പർവേഷ് വർമ്മയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതുമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രധാന എതിരാളികൾ.

ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയും ബിജെപിയുടെ രമേഷ് ബിധുരിയുമാണ് മത്സരിക്കുന്ത്. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയ മത്സരിക്കുന്ന ജംഗ്പുര സീറ്റിൽ ബിജെപിയുടെ തർവീന്ദർ സിംഗ് മർവ, കോൺഗ്രസിൻ്റെ ഫർഹാദ് സൂരി എന്നിവരാണ് പ്രധാന എതിരാളികൾ. മുതിർന്ന എഎപി നേതാവ് സത്യേന്ദർ ജെയിൻ ഷക്കൂർ ബസ്തിയിൽ ബിജെപിയുടെ കർണയിൽ സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാന എതിരാളികളായ ബിജെപിയെയും കോൺ​ഗ്രസിനെയും നിഷ്പ്രഭരാക്കിയായിരുന്നു ആം ആദ്മി അധികാരത്തിലെത്തിയത്. ഇത്തവണയും 55 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്തുമെന്നാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിൻ്റെ അവകാശവാദം. ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. കേന്ദ്ര ബഡ്ജറ്റിൽ മധ്യവർഗ്ഗക്കാർക്ക് നൽകിയ പരി​ഗണന ഡൽഹിയിൽ വോട്ടായി മാറുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ 27 വർഷമായി ഡൽ​ഹിയിൽ അധികാരത്തിന് പുറത്താണ് ബിജെപി. അതിനാൽ തന്നെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കിയാണ് ബിജെപി നേതൃത്വം രം​ഗത്തെത്തിയത്. ആം ആദ്മി പാർട്ടിയെയും ബിജെപിയെയും വെല്ലുവിളിച്ച് കരുത്ത് കാണിക്കാം എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. കഴിഞ്ഞ പത്ത് വർഷമായി ഡൽഹി നിയമസഭയിൽ പ്രാതിനിധ്യം കിട്ടാത്ത കോൺ​ഗ്രസിനെ സംബന്ധിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്.

ഇതിനിടെ കൽക്കാജി മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അഷിതി മർലേനയുടെ ജീവക്കാരനെ അഞ്ച് ലക്ഷം രൂപയുമായി മണ്ഡലത്തിൽ നിന്നും പിടികൂടിയത് തിരഞ്ഞെടുപ്പ് ദിവസം ചർച്ചയാകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി തിരഞ്ഞെടുപ്പ് ദിവസം കുംഭമേളയിൽ പങ്കെടുക്കുന്നും എന്നതും സവിശേഷതയാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *