തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്ന ദിവസങ്ങള്‍ വെട്ടിച്ചുരുക്കി. ഇനിമുതൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് മുഖ്യമന്ത്രി പൊതുജനങ്ങളെ കണ്ട് പരാതികള്‍ പരിഗണിക്കുക. നിലവിൽ ദിവസേനയുള്ള സംവിധാനമാണ് പുതിയ ക്രമീകരണത്തിൻറെ ഭാഗമായി മൂന്നു ദിവസമായി ചുരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മറ്റന്നാള്‍ മുതല്‍ പുതിയ സമയക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം

പൊതു അവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും.

അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 (ബുധന്‍) മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *