കാഞ്ഞിരപ്പള്ളി: പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യന്റെ ആരോഗ്യത്തിനും ഏറെ പ്രയോജനകരമായ കറിവേപ്പിന്റെ വ്യാപനം ലക്ഷ്യമിട്ട് ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി സൗജന്യമായി കറിവേപ്പിൻ തൈകൾ വിതരണം ചെയ്യുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. പറഞ്ഞു. സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൊസൈറ്റി അങ്കണത്തിൽ ദേശീയപതാക ഉയർത്തിയാണ് എം.എൽ.എ സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൊസൈറ്റി ഓഫീസിലെത്തുന്നവർക്ക് കറിവേപ്പിൻ തൈകൾ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

കഴിഞ്ഞ ഞാറ്റുവേല ദിനത്തിലും വിവിധയിനം നാടൻ പച്ചക്കറിത്തൈകൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്തിരുന്നു. കർഷകക്ഷേമം മുൻനിർത്തി കർഷകർക്കും കൃഷിക്കും കൂടുതൽ ഊന്നൽ നൽകുന്ന നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

സൊസൈറ്റി പ്രസിഡന്റ് ബേബിച്ചൻ പടിഞ്ഞാറെമുറി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിൻസെന്റ് മാത്യു കുളത്തുങ്കൽ, ജോസഫ് മാത്യു പാലക്കുടി, കൊച്ചുറാണി തോമസ്, ബിജു ചക്കാല, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, സൊസൈറ്റി ഭാരവാഹികളായ മനോജ് കപ്പിലുമാക്കൽ, ജോമോൻ പടിഞ്ഞാറെമുറി, സന്തോഷ് കെ.ആർ., ജോസ് ജോർജ്, മാത്യു കുളങ്ങര, ജോസഫ് കാരയ്ക്കൽ, സുരേഷ് ടി.സി. തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *