ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആരാധകര്‍ക്ക് വിശ്വസിക്കാനാവാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ചെന്നൈ സൂപ്പ‍ർ കിംഗ്സ്. സീസണില്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഒഴിവാക്കുകയാണ് എന്ന് ധോണിപ്പടയുടെ ലക്ഷ്യം. അതേസമയം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫോമിലല്ലെങ്കിലും അവിശ്വസനീയ ഫോമിൽ കളിക്കുകയാണ് ലക്നൗ സൂപ്പർ ജയന്‍റ്സ്.

എം എസ് ധോണിയുടെ ചെന്നൈയും റിഷഭ് പന്തിന്‍റെ ലക്നൗവും നേർക്കുനേർ പോരിനിറങ്ങുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സിഎസ്കെയ്ക്ക് ജയം അനിവാര്യം. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി അഞ്ച് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിലാണ് ചെന്നൈ.

സ്പിൻ കരുത്തിലൂടെ കളിപിടിക്കാനുള്ള ‘തല’യുടെ തന്ത്രങ്ങൾ ചെപ്പോക്കില്‍ പോലും ഫലിക്കാത്തപ്പോഴാണ് ടീം ലക്നൗവിലേക്ക് എത്തിയിരിക്കുന്നത്. സിഎസ്‌കെയുടെ മധ്യനിര തീർത്തും ദുർബലം ആയതിനാൽ രച്ചിൻ രവീന്ദ്ര- ഡെവോൺ കോൺവേ ഓപ്പണിംഗ് കൂട്ടിലേക്കാണ് ചെന്നൈ ആരാധകര്‍ ഉറ്റുനോക്കുന്നത്. വാലറ്റത്ത് ക്രീസിലെത്തുന്ന ധോണിയുടെ ബാറ്റിൽ നിന്ന് സിഎസ്കെ അധികമൊന്നും പ്രതീക്ഷിക്കുന്നില്ല.

എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നേടിയ തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്വന്തം മൈതാനത്ത് ഇന്നിറങ്ങുന്നത്. തകർത്തടിക്കുന്ന മിച്ചൽ മാർഷ് കൂടി തിരിച്ചെത്തിയാൽ ചെന്നൈ ബൗളർമാ‍ർക്ക് പുതുവഴികൾ തേടേണ്ടി വരുമെന്നുറപ്പ്.

കുഞ്ഞിന് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ മാര്‍ഷ് കളിച്ചിരുന്നില്ല. ആവേശ് ഖാൻ, രവി ബിഷ്ണോയ്, ഷാർദുൽ താക്കൂർ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയിലും ലക്നൗവിന് പ്രതീക്ഷയേറെ. ലക്നൗവിനെതിരെ ചെന്നൈയ്ക്ക് ഇതുവരെ ജയിക്കാനായത് ഒറ്റക്കളിയിൽ മാത്രമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണെങ്കില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ടോപ് ഫോറിലുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *