അംഗനവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം എം.എം പ്രസാദിനെയാണ് പുറത്താക്കിയത്. ഇന്ന് ചേർന്ന പാർട്ടി യോഗത്തിലാണ് നടപടി. കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം നടന്നത്. അംഗനവാടിയിലെത്തിയ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടെ തന്‍റെ കയ്യിൽ കയറി പിടിച്ചെന്നാണ് ജീവനക്കാരി കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്.

പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അംഗമാണ് പ്രസാദ്. പരാതി നൽകിയതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസേടുക്കാനൊരുങ്ങുകയാണ്. കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം , പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നി ചുമതല വഹിച്ചിരുന്നയാളാണ് പ്രസാദ്. പരാതിക്ക് പിന്നാലെ പ്രസാദിനോട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കാൻ പാർട്ടി നിർദേശം നൽകുകയായിരുന്നു. അംഗനവാടി വർക്കേഴ്സ് ജാഗ്രത സമിതിയുടെ ചെയർമാൻ കൂടിയാണ് പ്രതിയായ പ്രസാദ്. പ്രസാദിനെതിരെ കർശനമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വലിയ പ്രക്ഷോഭം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed