തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 18 കാരൻ മുഹമ്മദ് അസ്ലമിന്റെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും വ്യാജ കേസ് എടുത്തതിലും പൊലീസ് മർദ്ദനത്തിലും മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അച്ഛൻ നൗഷാദ് ആവശ്യപ്പെട്ടു.

അസ്ലമുമായുള്ള ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിലെടുപ്പിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയെന്ന കള്ള കേസിൽ മക്കളെ കുടുക്കി. പൊലീസ് സ്റ്റേഷനിൽ വെച്ച് ഇളയ മകനെ മൃഗീയമായി മർദ്ദിച്ചു. അനിയനെ മർദ്ദിക്കുന്നത് കണ്ട് മൂത്ത സഹോദരൻ സഹൽ കുറ്റം സമ്മതിച്ചു. ഇതോടെ ഇരുവരെയും പ്രതിചേർത്ത് എഫ്ഐആർ ഇട്ടു. മൂന്ന് ദിവസം അന്യായമായി കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. ഫോട്ടോയിൽ കണ്ട ഇന്നോവ കാർ മകന്റെ സുഹൃത്തിന്റെ സഹോദരി വാങ്ങിയതാണ്. അവരാണ് ഇപ്പോഴും കാറിന്റെ ആർസി ഓണർ .
സെപ്റ്റംബർ 29ന് ആദ്യം ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നാകെ അസ്ലമിനെ ഹാജരാക്കി. ഒക്ടോബർ 4 നാണ് ജൂവനൈൽ ജസ്റ്റിസ് ബോർഡിൽ നിന്ന് അസ്ലമിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബർ ആറിന് വീടിന്റെ ടെറസിൽ ട്രസ്സ് വർക്ക് ചെയ്ത കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്റെ ആത്മഹത്യയിൽ പോലീസ് ഇതുവരെ മൊഴിയെടുക്കാൻ എത്തിയിട്ടില്ല. മൂത്തമകൻ സഹൽ ഇപ്പോഴും റിമാൻഡിൽ തുടരുകയാണെന്നും നൗഷാദ് വ്യക്തമാക്കി

