തന്റെ സിനിമാ മോഹങ്ങളെക്കുറിച്ച് മനസ് തുറന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്റെ അച്ഛൻ ഉമ്മൻ ചാണ്ടിയുടെ ഒരു ബയോപിക് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ റോൾ ചെയ്യാൻ മമ്മൂട്ടി തന്നെയാണ് ഏറ്റവും അനുയോജ്യനെന്നും അദ്ദേഹം പറഞ്ഞു. നാദിർ ഷോ എന്ന യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

‘സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ’ എന്നായിരുന്നു നാദിർഷയുടെ ചോദ്യം. ആലോചിക്കാം എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി. “ആലോചിക്കാം… വേണ്ട എന്ന് വച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ”. – ചാണ്ടി ഉമ്മൻ പറഞ്ഞു.

‘ഇതിന് പിന്നാലെ ഞാൻ വിളിച്ചാൽ വരുമോ’ എന്ന് നാദിർഷ ചോദിച്ചു. വരാമെന്ന് ചാണ്ടി ഉമ്മന്റെ മറുപടിയും ഉടനടിയെത്തി. ഞാനൊരു ആവേശത്തിൽ പറഞ്ഞതാണെന്ന് വിളിക്കുമ്പോൾ പറയുമെന്നും ചാണ്ടി ഉമ്മൻ തമാശയായി പറഞ്ഞു. “ഞാനിപ്പോൾ ഒരു സിനിമ എടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. എന്റെ അച്ഛന്റെ പേരിലൊരു സിനിമ. അപ്പയുടെ ബയോപിക്. ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ പേരിടണമെന്നാണ് എന്റെ ആഗ്രഹം. അഭിനയിക്കുന്ന ആരാണെന്ന കാര്യമൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ. ശരിക്കും നടക്കാൻ പോകുന്ന പ്രൊജക്ടിൽ ആ സമയത്ത് ആലോചിക്കാം.

മമ്മൂട്ടി തന്നെയായിരിക്കും അപ്പയുടെ റോൾ ചെയ്താൽ നന്നാവുക. എനിക്കത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒന്ന് എന്റെ ഫൗണ്ടേഷനും അതിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വേണ്ടി ഫണ്ട് ചെയ്യാൻ കൂടി വേണ്ടിയാണ്. പിന്നെ അദ്ദേഹത്തിന്റെ ഒരു പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കട്ടെ എന്നതു കൊണ്ടും”.- ചാണ്ടി ഉമ്മൻ പറഞ്ഞു.


