ഓസ്ട്രേലിയക്കെതിരേ കളിക്കുമ്പോൾ ഇന്ത്യയുടെ സമ്മർദം കൂടും, പ്രധാന ടൂർണമെന്റാകുമ്പോൾ പ്രത്യേകിച്ചും. ഐ.സി.സി. ടൂർണമെന്റിലെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യ അവസാനമായി ഓസ്ട്രേലിയയെ തോൽപ്പിച്ചത് 2011-ലാണ്. ഏകദിന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. 2015 ലോകകപ്പ് സെമിയിലും 2023 ലോകകപ്പ് ഫൈനലിലും 2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ ഓസീസിനുമുന്നിൽ വീണു.
ലോകക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകൾ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ മുഖാമുഖം വരുമ്പോൾ സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമാണ്. ടീമിലെ പ്രധാന ബൗളർമാർ ആരുമില്ലാതെയാണ് ഓസീസിന്റെ വരവ്. ഇന്ത്യയാകട്ടെ സ്പിൻ ബൗളിങ് കരുത്തിൽ തുടർച്ചയായ മൂന്നുജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സെമിമത്സരം. ബുധനാഴ്ച ലഹോറിൽ നടക്കുന്ന രണ്ടാംസെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസീലൻഡിനെ നേരിടും.

പ്രാഥമികറൗണ്ടിൽ മൂന്നു കളികളും ജയിച്ച രോഹിത് ശർമയും സംഘവും എ ഗ്രൂപ്പ് ജേതാക്കളായാണ് സെമിയിലെത്തിയത്. പാകിസ്താനിൽ കളിക്കില്ലെന്ന് നിലപാടെടുത്തതിനാൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലായിരുന്നു. സ്പിന്നിന് അനുകൂലമായ ദുബായിലെ പിച്ചിൽ സ്പിൻ വൈവിധ്യത്തോടെ ഇറങ്ങുന്ന ഇന്ത്യ മൂന്നു മത്സരങ്ങളിലും ആധികാരിക ജയം നേടി. മൂന്നും ‘ലോ സ്കോർ’ മത്സരങ്ങളായിരുന്നു. കിവീസിനെതിരേ ആദ്യംബാറ്റുചെയ്ത ഇന്ത്യ 249 റൺസിൽ ഒതുങ്ങിയെങ്കിലും സ്പിൻ മികവിൽ ജയം പിടിച്ചെടുത്തു.
ബി ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചതോടെ പോയിന്റ് പങ്കിടേണ്ടിവന്ന ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരായ ജയത്തോടെ നാലു പോയിന്റുമായി രണ്ടാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. സ്ഥിരം ക്യാപ്റ്റനായ പേസ് ബൗളർ പാറ്റ് കമിൻസ്, മറ്റു പ്രധാന ബൗളർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ് എന്നിവർ ഇല്ലാതെ സ്റ്റീവൻ സ്മിത്തിനു കീഴിൽ ടൂർണമെന്റിനെത്തിയ ഓസ്ട്രേലിയയുടെ ബാറ്റിങ് കരുത്ത് കുറഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം ബാറ്റുചെയ്ത് 351 റൺസെടുത്ത ഇംഗ്ലണ്ടിനെ 47.3 ഓവറിൽ മറികടന്നത് അതിന് തെളിവാണ്. ആ മത്സരങ്ങൾ പാകിസ്താനിലായിരുന്നു.

ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുമ്പോൾ മറ്റു ടീമുകൾ സഞ്ചരിക്കേണ്ടിവരുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ദുബായിലെ പിച്ചിന് അനുകൂലമായാണ് ഇന്ത്യ ടീമിനെ ഒരുക്കിയത്. ഞായറാഴ്ച ന്യൂസീലൻഡിനെതിരേ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നീ നാലു സ്പിന്നർമാരുമായാണ് ഇറങ്ങിയത്. സ്പെഷ്യലിസ്റ്റ് പേസറായി മുഹമ്മദ് ഷമിയുണ്ട്. ഹാർദിക് പാണ്ഡ്യ, ജഡേജ, അക്സർ എന്നീ മൂന്ന് ഓൾറൗണ്ടർമാരും ചേരുന്നതോടെ ബാറ്റിങ്ങിലും കരുത്തരാകുന്നു. സെമിയിലും നാലു സ്പിന്നർമാരെ കളിപ്പിച്ചേക്കും. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ഫോമും മധ്യനിരയിൽ ശ്രേയസ് അയ്യരുടെ സ്ഥിരതയും ബാറ്റിങ് യൂണിറ്റിന്റെ ആത്മവിശ്വാസം ഉയർത്തുന്നു.

There is no ads to display, Please add some