ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പ്രിന്റ് ചെയ്യാത്തതിൽ വിവാദം. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക വേദിയായ പാകിസ്താന്റെ പേര് എല്ലാ രാജ്യങ്ങളും ടൂർണമെന്റിന്റെ പേരിനൊപ്പം പ്രിന്റ് ചെയ്യേണ്ടതാണ്. വേദിയാകുന്ന രാജ്യത്തിന്റെ പേര് ജഴ്സിയിൽ പ്രിന്റ് ചെയ്യാത്ത ഇന്ത്യയുടെ നടപടി ഐസിസി പ്രോത്സാഹിപ്പിക്കരുതെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്.
ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൂട്ടികലർത്തുകയാണ്. അത് ക്രിക്കറ്റിന് നല്ലതല്ല. ആദ്യം പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായില്ല. പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഇന്ത്യൻ ടീം ക്യാപ്റ്റനെയും ബിസിസിഐ അയക്കുന്നില്ല. ഇപ്പോൾ ചാംപ്യൻസ് ട്രോഫിക്ക് വേദിയാകുന്ന രാജ്യത്തിന്റെ പേരും ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ നിന്ന് ബിസിസിഐ ഒഴിവാക്കുന്നു. ഈ നടപടി ഐസിസി അനുവദിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
അടുത്ത മാസം 19നാണ് പാകിസ്താൻ വേദിയാകുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനും ന്യൂസിലാൻഡുമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ.
There is no ads to display, Please add some