കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.350 കിലോഗ്രാം ഉണങ്ങിയ കഞ്ചാവുമായി മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാമിനെ (മാത്തുക്കുട്ടി – 28) എരുമേലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുലർച്ചെ 2.45-ഓടെ കൂവപ്പള്ളി മലബാർ കവലയിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗങ്ങളിലെ വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിൽപന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. ചെറുപൊതികളാക്കി വിറ്റാൽ ഇതിന് രണ്ടു ലക്ഷത്തിലധികം രൂപ ലഭിക്കുമെന്നാണ് വിവരം. പ്രതിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ്. സഞ്ജീവ് കുമാർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എരുമേലി റെയിഞ്ച് ഇൻസ്പെക്ടർ ജി. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടോജോ റ്റി. ഞള്ളിയിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുഹമ്മദ്‌ അഷ്‌റഫ്, നജീബ് പി.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രശോഭ് കെ.വി, സനൽ മോഹൻദാസ്, ഷെഫീൽ പി. ഷൗക്കത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *