ചേനപ്പാടി: ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥിന്റെയും ശ്രീലക്ഷ്മിയുടെയും ചേതനയറ്റ ശരീരങ്ങൾ, വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിച്ചപ്പോൾ, കണ്ണീരണിഞ്ഞു നാടൊന്നടങ്കം ഒഴുകിയെത്തി. സങ്കടകടലായ അമ്മ ശ്രീജയെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അയൽക്കാരും ബന്ധുക്കളും വിഷമിച്ചു. പൊന്നോമന മക്കൾ ജീവനില്ലാതെ മുന്നിൽ കിടക്കുന്നതുകണ്ട്‌ ചങ്ക് പൊട്ടി കരഞ്ഞ് ബോധം മറഞ്ഞ നിലയിലായിരുന്നു അമ്മ ശ്രീജ. വീടിന്റെ മുറ്റത്തോട് ചേർന്ന് പ്രിയതമൻ എരിഞ്ഞ ചിതയുടെ തൊട്ടടുത്ത് ആ അമ്മയുടെ പൊന്നോമന മക്കളും അന്ത്യവിശ്രമത്തിലേക്ക്. ഇനി ജീവിതത്തിൽ തുണയാകാൻ ആരുമില്ലാതെ തനിച്ചാവുകയാണ് ആ അമ്മ.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/H4BQzZ12h5JH0yoLnCZmvv?mode=gi_t

ദുഃഖത്തിൽ വാക്കുകൾ മുറിഞ്ഞ് മൂകമായി മാറിയ ചേനപ്പാടി ഗ്രാമത്തിന് ശ്രീലക്ഷ്മിയും ശ്രീനാഥും ഇനിയെന്നും രണ്ട് നൊമ്പരപ്പൂക്കൾ. ശനിയാഴ്ച രാത്രി 9 മണിക്ക് പാലാ കടപ്പാട്ടൂർ ബൈപാസിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് ബസ്സിൽ എത്തിയ സഹോദരിയെ, പാലായിൽ നിന്നും ഒപ്പം കൂട്ടി ബൈക്കിൽ അടുത്തുള്ള ബന്ധുവീട്ടിലിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന മേയിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയായിരുന്നു. ശ്രീനാഥ്‌ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു . ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മി ചേർപ്പുങ്കലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ അടുത്ത ദിവസം ശ്രീലക്ഷ്മിയും ഓർമ്മയായി. ചേനപ്പടിക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ശ്രീലക്ഷ്മി (27) യ്ക്കും സഹോദരൻ ശ്രീനാഥി (22) നും തിങ്കളാഴ്ച വൈകുന്നേരം നാട് അന്ത്യ യാത്ര നൽകിയത് ഒരിക്കലും മറക്കാനാവാത്ത അതീവ വേദനയോടെ. എരുമേലി ചേനപ്പാടി കിഴക്കേക്കര നാഗമറ്റം പരേതനായ സന്തോഷിന്റെയും ഭാര്യ ശ്രീജയുടെയും ആകെയുള്ള രണ്ട് മക്കളാണ് അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.

ഇന്നലെ ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കുമ്പോൾ അണമുറിയാതെ തിങ്ങി നിറയുകയായിരുന്നു ജനസാഗരം. വീടും പരിസരവും റോഡും നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം നനഞ്ഞ കണ്ണുകളോടെ ആണ് അന്ത്യോപചാരം അർപ്പിച്ചത്. ഉറ്റവരും ബന്ധുക്കളും അയൽവാസികളും പൊട്ടിക്കരയുകയായിരുന്നു. മരണപ്പെട്ട ഇരുവരുടെയും സഹപാഠികളും സുഹൃത്തുക്കളും മിഴികൾ നിറഞ്ഞൊഴുകി ആണ് മൃതദേഹങ്ങൾക്ക് മുന്നിൽ നിന്നത്. ഒരിക്കലും ഇങ്ങനെ ഒരു വിധി ആർക്കും വരുത്തരുതേ എന്ന് കേണ് പറഞ്ഞ് കരയുകയായിരുന്നു അവരൊക്കെ. എല്ലാവർക്കും അത്രയേറെ ഇഷ്ടമായിരുന്നു ശ്രീലക്ഷ്മിയെയും ശ്രീനാഥിനെയും.

Leave a Reply

Your email address will not be published. Required fields are marked *