കുപ്രസിദ്ധ കൊലപാതക കേസുകളിലെ വക്കീലായ അഡ്വ. ബി.എ. ആളൂർ(ബിജു ആന്റണി ആളൂർ) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.

കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതികൾക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചർച്ചകളിലും വാർത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു ആളൂർ.
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമിറുൾ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായിരുന്നു. കൂടത്തായി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂർ.

പുണെയിൽ നിന്നാണ് ആളൂർ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിലും പ്രാക്ടീസ് ചെയ്തു. കേരളത്തിൽ പ്രമാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ആളൂർ ഹാജരായത് വൻചർച്ചയായിരുന്നു.


