കൊച്ചി: സംസ്ഥാനത്തേക്കുള്ള ലഹരിമരുന്ന് കടത്തിന്റെ കിംഗ്പിന്‍ ആയ വരുണ്‍ ദേവിന്റെ ഇടപാടുകള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഘാംഗങ്ങള്‍ക്കിടയില്‍ ബോസ് എന്നും എക്‌സ് എന്നും അറിയപ്പെടുന്ന ഇയാള്‍ കോടികളുടെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന സംഘത്തലവനാണെന്ന് എക്‌സൈസ് സംഘം കണ്ടെത്തി. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വരെ നേരിട്ടെത്തി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇയാള്‍ കേരളത്തിലേക്ക് കടത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

വരുണ്‍ദേവിന്റെ ലഹരിസാമ്രാജ്യത്തിന്റെ മുഴുവന്‍ വ്യാപ്തിയും പരിശോധിക്കുക ലക്ഷ്യമിട്ട് എക്‌സൈസ് 11 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, ചണ്ഡീഗഡ് തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് വരുണ്‍ദേവ് എംഡിഎംഎ വാങ്ങിയിരുന്നത്. ട്രെയിനില്‍ അവിടേയ്ക്ക് പോകുന്ന വരുണ്‍ അവിടെ ഇടപാട് ഉറപ്പിക്കും. പിന്നീട് തിരിച്ചെത്തുന്ന വരുണ്‍ കാറില്‍ സോളോ ട്രിപ്പിന് പോകുന്നു എന്ന വ്യാജേന അവിടേക്ക് പോകും. തിരിച്ചുവരുന്നത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായാണ്.

ഇത്തരത്തില്‍ ഒരു വര്‍ഷത്തിനിടെ 35 കിലോയിലേറെ എംഡിഎംഎ ഇയാള്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറു തവണയാണ് വരുണ്‍ സോളോ ട്രിപ്പുകള്‍ നടത്തിയത്. മയക്കുമരുന്ന് കടത്തിന്റെ എന്തെങ്കിലും സൂചനകളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന നടത്താനിറങ്ങിയാല്‍, ആ കാര്‍ ഉണ്ടാകില്ല. പകരം മറ്റൊരു കാറിലാകും വരുണ്‍ദേവ് കേരളത്തിലേക്ക് എത്തുക. ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. കോട്ടയത്തെ രഹസ്യകേന്ദ്രത്തില്‍ മയക്കുമരുന്ന് ശേഖരിക്കുകയാണ് പതിവെന്നും എക്‌സൈസ് സംഘം സൂചിപ്പിച്ചു

