രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അമ്മയുടെ കാമുകന്‍ നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ശിവ്പുരി സുലാര്‍ ഖുര്‍ദില്‍ കാമുകനൊപ്പം താമസമാക്കിയ ടീകാംഗഢ് സ്വദേശിനി ജയന്തി(35)യുടെ ഒരുവയസുള്ള മകള്‍ ഛായയാണ് കൊല്ലപ്പെട്ടത്.

ബമോർകല പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. സംഭവത്തില്‍ ജയന്തിയുടെ കാമുകനും സുലാര്‍ ഖുര്‍ദ് സ്വദേശിയുമായ ഭയ്യാലാലി(25)നെതിരെ പൊലീസ് കേസെടുത്തു.

20 ദിവസം മുൻപാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ബെംഗളൂരുവിൽ നിന്ന് ശിവപുരിയിലെത്തിയത്. രാത്രി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ കാലില്‍ പിടിച്ച് തറയിലേക്ക് എറിയുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ തലയില്‍ ഗുരുതരമായി പരിക്കേറ്റു.

മൂക്കില്‍ നിന്നടക്കം രക്തം ഒഴുകി. പിന്നാലെ പ്രതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാവിലെയോടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നു. അതുവരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേര്‍ത്തുവെച്ചിരിക്കുകയായിരുന്നു അമ്മയായ ജയന്തി. കാമുകന്‍ പോയതിന് പിന്നാലെ ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *