ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് കോടതി പത്മകുമാറിന് ജാമ്യം നൽകിയത്.

സ്വർണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാര്‍. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്.

കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.


