ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും നിപ ഭീതി ഉയരുകയാണ് . കോഴിക്കോട് നിപ സംശയത്തോടെ രണ്ട് പേർ മരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുറപ്പെടുവിപ്പിച്ചു.ഈ സാഹചര്യത്തിൽ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതലറിയാം…

എന്താണ് നിപ വൈറസ്?(Nipah virus)

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

ലക്ഷണങ്ങൾ എന്തൊക്കെ?

അണുബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം…?

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍.

കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

* കൃത്യമായി മാസ്‌ക് ഉപയോഗിക്കുക *സാമൂഹിക അകലം പാലിക്കുക *ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. *രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

* രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed