കോട്ടയം : രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം നാളെ.കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 10 മണിയോടെ ഫലം അറിയാനാകും. 20 മേശകളിലായാണ് വോട്ടെണ്ണൽ ക്രമികരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.
ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും.