കൊച്ചി: കണ്ണൂർ പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി വി ധനരാജ് വധക്കേസ് വിധിയിലെ കൊലവിളി പ്രസംഗത്തിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനെതിരെ നിയമനടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസംഗത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിക്കും. മുൻ ജനപ്രതിനിധിയുടെ പ്രസംഗം സമാധാനമല്ല, കലാപമാണ് ഉണ്ടാക്കുക. പ്രസ്താവന പിൻവലിക്കണമെന്നും സിപിഐഎം നേതൃത്വം ഇടപെടണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കൊലവിളി പ്രസം​ഗത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ന്യായീകരിക്കാൻ ആകാത്ത പ്രസ്താവനയാണത്. പ്രസംഗത്തിന്റെ പൂർണ വിവരം തേടിയിട്ടുണ്ട്. കൊലപാതകത്തെ ന്യായികരിക്കുന്ന നിലപാടാണതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ബോർഡ് – കോർപറേഷൻ വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഡിഎഫിൽ തർക്കമില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ജനോപകാരപ്രദമായ നിലപാടുകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് ടിഐ മധിസൂദനനെതിരെ പരാതി നൽകിയിട്ടുണ്ട്. ഡിജിപിക്കാണ് പരാതി നൽകിയത്. പയ്യന്നൂരിലെ ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ കൊലവിളിപ്രസംഗം. കണക്ക്പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ, അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് ഓർമിപ്പിച്ചായിരുന്നു പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *