നിലയ്ക്കൽ ബേസ് ക്യാംപിൽ വാഹന പാർക്കിങ്ങിനെച്ചൊല്ലി തർക്കം. വാൻ ഡ്രൈവറെ എഎസ്ഐ മർദിച്ചതായി പരാതി. സംഭവത്തിൽ എഎസ്ഐയെ എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തു. ഇന്ന് പുലർച്ചെ നോർത്ത് പറവൂരിൽ നിന്നെത്തിയ വാൻ ഡ്രൈവർ പ്രശാന്തിനെയാണു സ്ഥലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കളമശേരി ക്യാംപിലെ എഎസ്ഐ ജിജോ മർദിച്ചത്.

പ്രശാന്തിന്റെ വാൻ പാർക്ക് ചെയ്യാൻ 9-ാം നമ്പർ പാർക്കിങ് ഗ്രൗണ്ടാണു ലഭിച്ചത്. ബസ് സ്റ്റാൻഡിൽനിന്ന് ഏറെ ദൂരെയുള്ള പാർക്കിങ് ഗ്രൗണ്ടിലേക്കു പോകുന്നതിനു മുൻപു റോഡിനോടു ചേർന്നു സ്വാമിമാരെ ഇറക്കാൻ സ്ഥലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ അനുവദിച്ചിരുന്നു. ഈ സമയം അവിടേക്ക് എത്തിയ എഎസ്ഐ ജിജോയും പ്രശാന്തുമായി വാക്കുതർക്കമുണ്ടായി. വാഹനം സ്ഥലത്തു നിന്നു മാറ്റിയിടാൻ തുടങ്ങുമ്പോൾ വീണ്ടും തർക്കമായതോടെ വാനിന്റെ താക്കോൽ പൊലീസ് ഊരി എടുത്തു.

വാഹനത്തിന്റെ റജിസ്ട്രേഷൻ നോക്കി പൊലീസുകാരൻ സ്ഥലം തെറ്റായി പറഞ്ഞപ്പോൾ താൻ മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്നു പ്രശാന്ത് പറഞ്ഞതു പൊലീസുകാരെ പ്രകോപിപ്പിച്ചു. വിവരങ്ങൾ വയർലെസ് സെറ്റിലൂടെ പൊലീസ് കൈമാറുന്നതു കണ്ടാണു താൻ ഫോണിൽ ദൃശ്യം പകർത്തിയതെന്നും ഈ സമയം ഫോട്ടോ എടുക്കുമോടാ എന്നു ചോദിച്ചാണു ജിജോ മർദിച്ചതെന്നും പ്രശാന്ത് പറഞ്ഞു. ബഹളം കേട്ടു മറ്റു തീർഥാടകരും പൊലീസും ഓടിയെത്തിയാണു പ്രശ്നം പരിഹരിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു പൊലീസ് അന്വേഷണം നടത്തി ജിജോയെ സസ്പെൻഡ് ചെയ്തത്.


