തിരുവനന്തപുരം: സംസ്ഥാനത്ത് പവർക്കട്ടിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷം ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ഭീരുത്വമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
യഥാർത്ഥത്തിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്നും, വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ അഴിമതി നടത്താൻ കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിതെന്നുമാണ് തുടക്കം മുതൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. എൻടിപിസിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നിരിക്കെ, ജിഎൻഎ. പോലെയുള്ള പ്ലാറ്റ്ഫോമിന് മുന്നിൽ ഓച്ഛാനിച്ച് നിന്നത് ആർക്കുവേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കണം. സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന അദൃശ്യ നിഴൽസംഘം ആരാണെന്ന് വ്യക്തമാക്കണമെന്നും റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചുള്ള ഇത്തരം നടപടികൾ സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ഓർമ്മപ്പെടുത്തി.
സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ട് നടത്തിയ നിഗൂഢ നീക്കങ്ങളുടെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളുടെയും പൂർണ്ണ സത്യം പുറത്തുവരുന്നതുവരെ ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരും ഈ വിഷയത്തിലെ എല്ലാ വസ്തുതകളും ജനങ്ങൾക്ക് മുന്നിൽ പുറത്തുവരാൻ സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


