കോട്ടയം: പത്താം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 പവൻ സ്വർണം കവർന്നത് ആഡംബര ജീവിതം നയിക്കാനായിരുന്നുവെന്ന് പ്രതികളായ കൗമാരക്കാരുടെ മൊഴി. കവർന്ന സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ഒരു കാറും മൂന്ന് ബൈക്കുകളും പ്രതികൾ വാങ്ങിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഏകദേശം 24 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പ്രതികൾ കൈക്കലാക്കിയത്.

പത്താം ക്ലാസ് വിദ്യാർഥിയുടെ സീനിയർമാരായ മൂന്ന് പേരാണ് 2026 മാർച്ച് മുതൽ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. കുട്ടിയെയും മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ കുട്ടിയിൽനിന്ന് പലതവണകളായാണ് 24 പവൻ സ്വർണം പ്രതികൾ കൈക്കലാക്കിയത്.

വീട്ടിൽ നടന്ന ഒരു മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വർണം നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്. തുടർന്ന് കുട്ടി സംഭവങ്ങൾ വീട്ടുകാരോട് വെളിപ്പെടുത്തുകയും പാമ്പാടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കേസിൽ പാമ്പാടി സ്വദേശികളായ അൻസിൽ മുഹമ്മദ് (18), നിതിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടുപേർ എൻജിനീയറിങ് വിദ്യാർഥികളും ഒരാൾ സ്വകാര്യ കോളജിൽ പഠിക്കുന്നയാളുമാണ്.

സ്വർണം എവിടെയൊക്കെ വിറ്റു, ലഭിച്ച പണം എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *