കൊച്ചി: കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 12 നേതാക്കളാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്

ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെയുള്ള പ്രധാന റോഡിലൂടെ സമ്മേളനത്തോടനുബന്ധിച്ച് ജാഥ നടത്തിയതാണ് നഗരത്തിൽ മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സത്തിന് കാരണമായത്. യാത്രക്കാർ ദുരിതത്തിലായതോടെ സംഭവത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.

സമ്മേളനത്തിനും ജാഥയ്ക്കും പോലീസ് മുൻകൂർ അനുമതി നൽകിയിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് നൽകിയ നിർദ്ദേശങ്ങളും മുൻകരുതലുകളും സംഘാടകർ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.


