കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് ലോട്ടറി വിൽപ്പനക്കാരന് ഗുരുതര പരിക്ക്. അമ്മു ലക്കി സെന്ററിലെ ജീവനക്കാരനായ രാജുവിനാണ് പരിക്കേറ്റത്. വൈകുന്നേരത്തെ ലോട്ടറി ഫലം അറിയുന്നതിനായി ബസ് സ്റ്റാൻഡിലെ കവാടത്തിലൂടെ കടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന തൈപ്പറമ്പിൽ എന്ന സ്വകാര്യ ബസ് രാജുവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
നിലത്തുവീണ രാജുവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


