കാസർകോട്: മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് പള്ളം റെയിൽവേ ട്രാക്കിൽ വെള്ളി പുലർച്ചെയാണ് ദാരുണമായ അപകടം നടന്നത്. പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ തെച്ചിക്കാട്ടിൽ ടി. ജിതിൻ (24) ആണ് മരിച്ചത്.

റെയിൽവേ ട്രാക്കിൽ അപകടം സംഭവിച്ച വിവരം ട്രെയിനിന്റെ ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് യുവാവിന്റെ പേഴ്സ് കണ്ടെടുത്തു. പേഴ്സിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചത് പാലക്കാട് സ്വദേശിയാണെന്ന് വ്യക്തമായത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണിൽ നിന്ന് മരിച്ച യുവാവിന്റേതെന്ന് കരുതുന്ന നിരവധി ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ വിവരങ്ങളും രേഖകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മരണവിവരം പാലക്കാട്ടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *