തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത സിനിമകൾ ബാക്കിയാക്കി സംവിധായകൻ സിദ്ദിഖ് മടങ്ങുമ്പോൾ അവസാനമാകുന്നത് മലയാള സിനിമയുടെ സുവർണകാലത്തെ നർമവസന്തത്തിനാണ്. മിമിക്രി രംഗത്തു നിന്നും ഫാസിലിന്റെ കൈപിടിച്ച് അസിസ്റ്റന്റ് ഡയറക്ടറായാണ് മലയാള സിനിമയിലേക്ക് സിദ്ദിഖ് രംഗപ്രവേശം ചെയ്യുന്നത്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സിദ്ദിഖ്, കാലഘട്ടത്തിനപ്പുറം സഞ്ചരിക്കുന്ന സിനിമകള്‍ സൃഷ്ടിച്ചാണ് വേറിട്ടതായി മാറിയത്.

സൂപ്പര്‍ താരങ്ങളുടെ നെടുനീളന്‍ ഡയലോഗുകളോ ആവേശം കൊള്ളിക്കുന്ന മാസ് ആക്ഷന്‍ രംഗങ്ങളോ ഇല്ലാതെ സ്വാഭാവിക നര്‍മ്മം നിറച്ച സിനിമകളിലൂടെ മലയാള സിനിമയെ വഴിനടത്തിയ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു സിദ്ധിഖ്-ലാല്‍.1986 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചത്.

1989 ല്‍ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. അതില്‍ ഫിലോമിന, എന്‍.എന്‍ പിള്ള, മുകേഷ്, കനക എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്.

മാന്നാര്‍ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്‌ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വന്‍വിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ചു.

സിദ്ദിഖിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ്. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദര്‍ ആയിരുന്നു അവസാന ചിത്രം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *