കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ വാഹനമോടിച്ച കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഹർജിയിൽ 17കാരന്റെ കുടുംബത്തിന്റെ വാദം കോടതി ഇന്ന് കേൾക്കും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

എങ്ങനെയാണ് വാഹനമോടിക്കാൻ പഠിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ 17കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലെത്തുന്നത്.
അതേസമയം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ആർ. നിശാന്തിനി ഇന്ന് ചുമതലയേൽക്കും. ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ തുടർന്ന് നിലവിലെ കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

ദക്ഷിണ മേഖലാ ഐ.ജിയായി പ്രവർത്തിച്ചിരുന്ന ആർ. നിശാന്തിനിയാണ് കൊച്ചി സിറ്റി പൊലീസിന്റെ ആദ്യ വനിതാ കമ്മീഷണറായി ചുമതലയേൽക്കുന്നത്.


