കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനസ്മൃതിയും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ മുഖ്യപ്രഭാഷണം നടത്തി.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഫ്രണ്ട്സ് ഓഫ് മെലഡിയുടെ നേതൃത്വത്തിൽ വയലാർ ഗാനസ്മൃതി അരങ്ങേറി. വയലാറിന്റെ അനശ്വര ഗാനങ്ങളെ ഓർമിച്ചുള്ള പരിപാടി അനുസ്മരണച്ചടങ്ങിന് സംഗീതസാന്ദ്രമായ സമാപനം നൽകി.


