കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തട്ടുകട നടത്തി ഉപജീവനം നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ഇരിഞ്ഞാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. കാർ ജഡ്ജിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. തട്ടുകട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു. കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അപകടവുമായി ബന്ധപ്പെട്ട് വിവരം അന്വേഷിച്ചപ്പോൾ ജഡ്ജി തട്ടിക്കയറിയതായി ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു. ‘നിങ്ങൾ എന്നെ ചോദ്യം ചെയ്യാൻ വരേണ്ട’ എന്ന് പറഞ്ഞാണ് പ്രതികരിച്ചതെന്ന് സഹോദരീപുത്രി ജയലക്ഷ്മി ആരോപിച്ചു. കേസുമായി നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.


