കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി. സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് ലംഘിച്ചതിനാണ് ബാറുകൾക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

അപകടത്തിന് മുൻപ് സുഹൈൽ സജീവ് മൂന്ന് ബാറുകളിൽനിന്നായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മുതൽ മൂന്ന് ബാറുകളിൽനിന്നാണ് പ്രതി മ​ദ്യപിച്ചിരുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതിന്റെ തെളിവുകൾ ലഭിച്ചത്. എല്ലാ ബാറുകളിൽനിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈൽഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതാണ് തെളിവായി മാറിയത്.

സുഹൈൽ സജീവ് അമിതവേ​ഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില്‍ പാർട്ട്‌ ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *