ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൻ്റെ പേരിൽ നടന്ന കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടന്നതായി ജി.സി.ഡി.എയുടെ ആഭ്യന്തര അന്വേഷണ റിപോർട്ട്. സ്പോൺസർമാരായ ‘റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ’ സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ യഥാർത്ഥ നവീകരണച്ചെലവ് വെറും 8.44 കോടി രൂപ മാത്രമാണെന്നാണ് ജി.സി.ഡി.എയുടെ കണ്ടെത്തൽ. കണക്കുകൾ കൃത്രിമമായി പെരുപ്പിച്ചു കാട്ടിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ജി.സി.ഡി.എ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിപണി നിരക്കുകൾ പരിശോധിച്ചുകൊണ്ട് സ്റ്റേഡിയം നവീകരണത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ നടത്തിയത്. അതിർത്തി മതിൽ നിർമ്മാണത്തിന് 1.19 കോടി, പാർക്കിങ് ഗ്രൗണ്ട് വികസനത്തിന് 1.66 കോടി, ഗാലറിയിൽ സീറ്റുകൾ സ്ഥാപിക്കുന്നതിന് 2.22 കോടി എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്. പെയിന്റിങ്, പ്രവേശനകവാടം, ശുചിമുറി, ഇലക്ട്രിക്കൽ പണികൾ എന്നിവയ്ക്ക് 1.36 കോടിയും മറ്റ് ആവശ്യങ്ങൾക്കായി 2 കോടി രൂപയും വേറെയും വരും. പത്ത് ശതമാനം ലാഭം കണക്കാക്കിയാൽ പോലും മൊത്തം ചെലവ് 10 കോടി രൂപയിൽ താഴെയായിരിക്കുമെന്നാണ് ജി.സി.ഡി.എ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സ്റ്റേഡിയം നവീകരണത്തിനായി അതോറിറ്റിക്ക് പണമൊന്നും ചെലവഴിക്കേണ്ടി വന്നിട്ടില്ലെന്ന മുൻ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ അവകാശവാദവും തെറ്റാണെന്ന് രേഖകൾ തെളിയിക്കുന്നു. ഫെൻസിങ്, ഇലക്ട്രിക്കൽ ജോലികൾ, ഫ്ളഡ്ലൈറ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി ജി.സി.ഡി.എ 50 ലക്ഷത്തിലധികം രൂപ മുടക്കിയിട്ടുണ്ട്. ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എം.എൽ.എ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ഇതിൽ ഉയർന്നു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *