കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരുക്കേറ്റ സംഭവത്തിൽ അമിതവേഗമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബസിന്റെ ബ്രേക്ക് ലഭിച്ചില്ലെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ അപകടസ്ഥലത്തുനിന്ന് വാഹനം മാറ്റിയപ്പോൾ ബ്രേക്കിന് തകരാറൊന്നും കണ്ടെത്തിയില്ലെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. ഡ്രൈവറെയും കണ്ടക്ടറെയും കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.

അപകടത്തിൽ പരുക്കേറ്റ മറ്റൊരാൾക്ക് വാരിയെല്ലിന് ഒടിവുണ്ട്. ഇദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവും കുറയുന്നുണ്ട്. ഇരുവരെയും കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയതായി ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. മൂന്നാമത്തെയാൾക്ക് ഇടതുകാലിനും കഴുത്തിനും ഒടിവുണ്ട്.

പരുക്കേറ്റ അനുമോൾ സുരേഷ് ചന്തക്കവലയ്ക്ക് സമീപത്തെ ഗോൾഡ് കവറിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. എ.കെ. സുനി ചന്തക്കവലയിലെ സ്വകാര്യ ഹോൾസെയിൽ സ്ഥാപനത്തിലും ശ്രീകുമാരി ഏറ്റുമാനൂർ കുടുംബ കോടതിയിലും ജോലി ചെയ്യുന്നു. ജയ ചന്തക്കവലയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

അപകടത്തിൽ പരുക്കേറ്റ രണ്ടുപേർ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *