തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തനശൈലിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതോടെ പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടാനൊരുങ്ങുന്നു. പുതിയ സര്‍ക്കാരിന്റെ തുടക്കകാലത്ത് പിന്തുടര്ന്നിരുന്ന ഇടപെടലില്ലാത്ത നയം അവസാനിപ്പിച്ചാണ് കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരസ്യവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ, പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. ‘പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും കൃത്യമായ സംവിധാനമുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. ഇതിനായി പാര്‍ട്ടി നേതൃത്വം തന്നെ മുന്‍കൈയെടുക്കും’ -കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അടൂര്‍ പ്രകാശ് രംഗത്തുവന്നത് തന്റെ പ്രേരണയാലാണെന്ന മാധ്യമവാര്‍ത്തകളില്‍ കെസി വേണുഗോപാല്‍ അസംതൃപ്തി പ്രകടിപ്പിച്ചു. വിഷയം പരസ്യമാക്കിയ യുഡിഎഫ് കണ്‍വീനറുടെ നടപടിയെ തള്ളിക്കളഞ്ഞ അദ്ദേഹം, വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കാനും ശ്രമിച്ചു. എല്ലാ പ്രശ്നങ്ങളിലും തന്നെ കുറ്റക്കാരനാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. മറ്റൊരാളുടെ വ്യക്തിപരമായ അഭിപ്രായങ്ങളിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മറ്റു നേതാക്കളോ മുന്നണിയിലെ ഘടകകക്ഷികളോ പിന്തുണച്ചില്ലെങ്കിലും താന്‍ പറഞ്ഞ നിലപാടില്‍ അടൂര്‍ പ്രകാശ് ഉറച്ചുനില്‍ക്കുകയാണ്. പരസ്യമായ പിന്തുണ ഉണ്ടായിട്ടില്ലെങ്കിലും, തന്റെ വികാരങ്ങള്‍ പങ്കുവെക്കുന്ന പാര്‍ട്ടിയിലെയും ഘടകകക്ഷികളിലെയും പല നേതാക്കളും ഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം നേരിട്ട് എഐസിസിയെ അറിയിക്കാതെ വാര്‍ത്താസമ്മേളനം നടത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, അതിന് കൃത്യമായ കാരണമുണ്ടെന്നും വെളിപ്പെടുത്താനുള്ള സമയം ആയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അടൂര്‍ പ്രകാശ് വിഷയം പരസ്യമാക്കിയതിനെ എപി അനില്‍കുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന് തുടങ്ങിയ നേതാക്കള്‍ വിമര്‍ശിച്ചപ്പോള്‍, എഐസിസി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. വിഷയത്തില്‍ പ്രതികരിച്ച മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി, മുന്നണിയിലെ ഘടകകക്ഷികളുമായി സ്ഥിരമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ബോര്‍ഡ്/ കോര്പ്പറേഷന് പദവികളിലേക്കുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്തരം പരാതികള്‍ അവസാനിക്കുമെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ ആവശ്യമായ ചര്‍ച്ചകളും കൂടിയാലോചനകളും വേണമെന്ന് മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവും മന്ത്രിയുമായ മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പാര്‍ട്ടി ചെയര്മാന് പിജെ ജോസഫിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പരസ്യപ്രതികരണത്തിന് തയ്യാറായില്ല. അതേസമയം, നിലവിലെ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് പ്രതികരിക്കാതെ കാത്തിരുന്നു കാണുകയെന്ന നിലപാടാണ് മുഖ്യമന്ത്രി വിഡി സതീശന് സ്വീകരിക്കുന്നത്. പ്രധാന ഘടകകക്ഷികള്‍ മൃദുസമീപനം സ്വീകരിച്ചതില്‍ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തൃപ്തരാണ്. മുസ്ലിം ലീഗിന്റെ നിലപാട് ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

