കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച രാവിലെ വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം
ഇന്ന് രാത്രി മലയോര മേഖലകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്രകള്‍ പ്രത്യേകമായി ഒഴിവാക്കണം. ശക്തമായ മഴയോ കാറ്റോ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരുകയും അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുകയും വേണം. താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണം. ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം ലഭിച്ചാല്‍ സഹകരിക്കണം.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുഴകള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയുടെ സമീപത്തേക്ക് പോകരുത്. ശക്തമായ കാറ്റ് ഉണ്ടാകുമ്പോള്‍ മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയുടെ സമീപത്ത് നില്‍ക്കുന്നത് ഒഴിവാക്കണം. വൈദ്യുതി സംബന്ധമായ അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും പൊട്ടിവീണ വൈദ്യുതി ലൈനുകളുടെ സമീപത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

