കാഞ്ഞിരപ്പള്ളി: ആരും പരിചരിക്കാനില്ലാതെ നാളുകളായി വീടിന്റെ വിറകുപുരയിലെ ഇരുണ്ട കോണിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വത്സമ്മയ്ക്ക് ഒടുവിൽ കരുണയുടെ കൈത്താങ്ങ്. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നാച്ചിക്കോളനിയിൽ കഴിഞ്ഞിരുന്ന വത്സമ്മയെയാണ് കരുണ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. വർഷങ്ങളായി ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ഇവർ ടൗണിലെ കടത്തിണ്ണകളിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. അസുഖവും ഓർമക്കുറവും ഉണ്ടായതിനെ തുടർന്ന് അകന്ന ബന്ധുവിന്റെ വീട്ടിലെത്തിയെങ്കിലും ആവശ്യമായ സംരക്ഷണം ലഭിക്കാതെ വിറകുപുരയിൽ കഴിയേണ്ടിവരികയായിരുന്നു.

കാലിനുണ്ടായ മുറിവിന് ചികിത്സ തേടിയെത്തിയ പാലിയേറ്റീവ് പ്രവർത്തകരാണ് വത്സമ്മയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ വഴി വിവരം കരുണ അഭയകേന്ദ്രം പ്രവർത്തകരെ അറിയിക്കുകയായിരുന്നു. കരുണയുടെ പ്രതിനിധികളായ വി.പി. ഷരീഫും എസ്.കെ. നൗഫലും സ്ഥലത്തെത്തി വത്സമ്മയെ സന്ദർശിക്കുകയും സുരക്ഷിതമായി കരുണ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അവഗണനയിലും ഒറ്റപ്പെടലിലും കഴിയുന്നവരെ കണ്ടെത്തി ആവശ്യമായ പരിചരണവും അഭയവും നൽകിവരുന്ന സ്ഥാപനമാണ് കരുണ. നിലവിൽ ആരും സംരക്ഷിക്കാനില്ലാത്ത എഴുപതോളം അന്തേവാസികൾ കരുണയോടൊപ്പമുണ്ട്.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ സുമി ഇസ്മായിൽ, പഞ്ചായത്ത് പാലിയേറ്റീവ് സിസ്റ്റർ ഷാൻ്റി, ആശാ വർക്കർ റജീന, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ഒ.എസ്. അബ്ദുൽ കരീം, ദയ പാലിയേറ്റീവ്, സ്വരുമ പാലിയേറ്റീവ് പ്രവർത്തകർ എന്നിവരുടെ ഇടപെടലിലൂടെയാണ് വത്സമ്മയെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത്. സുരക്ഷിതമായ അന്തരീക്ഷത്തിൽ ആവശ്യമായ പരിചരണവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കരുണ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *