കാഞ്ഞിരപ്പള്ളി : ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ കാഞ്ഞിരപ്പള്ളി-മണിമല റോഡിനരികിലെ തൂണിന്റെ രൂപരേഖയ്ക്ക് ഐ.ഐ.ടി.യുടെ അംഗീകാരം ലഭിച്ചു. തൂണിന്റെ നിർമാണത്തിൽ ചില മാറ്റങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. തൂണിന്റെ കമ്പി സ്ഥാപിക്കലടക്കമുള്ള ചെറിയ മാറ്റങ്ങളിൽ നിർമാണ കൺസൾട്ടൻസിയായ റൈറ്റ്സിന്റെ നിർദേശം ലഭിച്ചാൽ നിർമാണം വേഗത്തിലാക്കാൻ കഴിയുമെന്ന് കരാർ കമ്പനി അധികൃതർ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു.

രണ്ടുമാസം മുൻപ് ആരംഭിച്ച മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണത്തിന് കുഴിയെടുത്തപ്പോൾ ഉറപ്പിനായി കൂടുതൽ താഴ്ത്തേണ്ടിവന്നതോടെ തൂണിന്റെ നിർമാണഘടനയിൽ മാറ്റം വേണ്ടിവന്നിരുന്നു. ഇതേത്തുടർന്ന് പുതിയ രൂപരേഖ തയ്യാറാക്കി ഐ.ഐ.ടി.യുടെ അംഗീകാരത്തിനായി അയച്ചിരുന്നു. അംഗീകാരം രേഖാമൂലം ലഭിക്കുന്നത് വൈകിയതോടെ കോൺക്രീറ്റ് ചെയ്യുന്നത് വൈകിയിരുന്നു. നിലവിൽ കമ്പികെട്ട് അടക്കം പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്യുന്നതിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പുതിയ രൂപരേഖയ്ക്കനുസരിച്ച് മാറ്റംവരുത്തിയ ശേഷമാകും കോൺക്രീറ്റിങ് നടത്തുക.

ദേശീയപാത 183-ൽ പഞ്ചായത്ത് ഓഫീസ് വളവിൽ മേൽപ്പാലം തുടങ്ങുന്ന ഭാഗത്തേയും മേൽപ്പാലം ചെന്നുകയറുന്ന ടൗൺ ഹാളിന് സമീപത്തേയും നിലനിർത്തൽ മതിലിന്റെയും ഒരുതൂണിന്റെ ഫൗണ്ടേഷന്റെയും നിർമാണം നേരത്തെ തുടങ്ങിയിരുന്നു. ഇവയും പാതിവഴിയിൽ നിലച്ചു. പുതിയ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചത് ബൈപ്പാസ് നിർമാണ പ്രവർത്തനങ്ങളെ വേഗത്തിലാക്കും.


