പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ ഇന്ന് കോടതി വിധി പറയും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവർഷം കഴിയുമ്പോഴാണ് കോടതി വിധി പറയുന്നത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. മലമ്പുഴ ജയിലിൽ കഴിയുന്ന ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന് (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. മുൻപ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസിൽ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്.
ആദ്യ കേസിൽ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

