പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം പനയൂരിലെ ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം താമസിച്ചിരുന്ന വീട് നാല് ദിവസമായി പൂട്ടിക്കിടക്കുന്ന നിലയിലാണ്.ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ യാത്ര തിരിക്കും മുൻപ് അയൽവാസികളോട് പറഞ്ഞിരുന്നത്.

എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വരികയും വീട് പൂട്ടിക്കിടക്കുകയും ചെയ്തതോടെ അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലും യാതൊരു വിവരവും ലഭിച്ചില്ല.കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ സ്വന്തം പിക്കപ്പ് വാൻ വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബം ഈ വാഹനത്തിലാണ് പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് വാഹനം ഏത് റൂട്ടിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *