പൊൻകുന്നം: കെ.കെ റോഡിൽ പൊൻകുന്നം 19-ാം മൈലിൽ കടുക്കാമല വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ കോട്ടയം ആർപ്പൂക്കര സ്വദേശി ടി.എസ്. രാജേഷ് (സൂചന) ആണ് മരിച്ചത്. ഇയാളുടെ പക്കൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചയാളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പോലീസിന് ലഭ്യമായത്.

കോട്ടയത്തുനിന്നും കുമളിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി പ്രിയദർശിനി ബസിന് മുന്നിലേക്കാണ് യുവാവ് പെട്ടെന്ന് ചാടിയത്. പൊൻകുന്നം ഭാഗത്തുനിന്നും കെ.കെ റോഡിലൂടെ നടന്നു വന്ന ഇയാൾ, ഇതിനു മുൻപും പല തവണ റോഡിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങൾക്ക് മുന്നിലും ചാടാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു. ഇതിനുശേഷമാണ് കുമളി ഭാഗത്തേക്ക് പോയ ബസിന് മുന്നിലേക്ക് ഇയാൾ ചാടിയത്.

ബസിന്റെ മുൻചക്രങ്ങൾ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഇയാൾ മരണപ്പെട്ടു. പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


